ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം
പണ്ട് രാജഭരണകാലത്ത് തെക്കുംകൂര്‍ രാജാവ് ഇടപ്പളളി സ്വരൂപത്തിന് ദേശവഴിയായി ദാനം ചെയ്ത ഗ്രാമമാണ് മാടപ്പളളി. “മാട്” എന്നാല്‍ ചെറിയകുന്ന് എന്നാണര്‍ത്ഥം. “പളളി” എന്നതിന് ഗ്രാമം എന്നും അര്‍ത്ഥമുണ്ട്. മാടുകളുടെ (കുന്നുകളുടെ) ഗ്രാമം മാടപ്പളളിയായി തീര്‍ന്നു. ഹിന്ദുക്കളും ക്രിസ്ത്യന്‍ വിഭാഗങ്ങളുമാണ് പഞ്ചായത്തിലെ ജനസംഖ്യയില്‍ ഏറെയും. നാനാജാതിമതസ്ഥരുടെ നിരവധി ആരാധനാലയങ്ങളും പഞ്ചായത്തിലുണ്ട്. സെന്റ് തോമസ് പള്ളി, സെന്റ് മേരീസ് പള്ളി, സെന്റ് ആന്റണീസ് പള്ളി, മാമ്മൂട്, വെങ്കോട്ട എന്നിവിടങ്ങളിലെ സി.എസ്.ഐ പള്ളികള്‍, തെങ്ങണ ശിവക്ഷേത്രം, മാടപ്പളളി ഭഗവതി ക്ഷേത്രം, കുറുമ്പനാടന്‍ പളളി, തെങ്ങണാല്‍ ജുമാമസ്ജിദ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍. തെങ്ങണ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉല്‍സവം, സെന്റ് ആന്റണീസ് പള്ളി പെരുന്നാള്‍, മറ്റു പള്ളികളിലെ പെരുനാളുകള്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങള്‍. ഗ്രന്ഥശാലാപ്രസ്ഥാനം സജീവമായ പഞ്ചായത്താണ് മാടപ്പള്ളി. തെങ്ങണ പബ്ളിക്ക് ലൈബ്രറി, കല്‍പ്പന ല്രൈബറി, പങ്കിപ്പുറം ലൈബ്രറി തുടങ്ങി ആറോളം വായനശാലകള്‍ പഞ്ചായത്തിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്നു. പഞ്ചായത്തിലെ പ്രഥമ വിദ്യാലയം പെരുമ്പനച്ചിയില്‍ സ്ഥിതിചെയ്യുന്ന ഗവ.പ്രൈമറി സ്ക്കൂളാണ്. പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി മേജര്‍ ജില്ലാ റോഡായ ചങ്ങനാശ്ശേരി-വാഴൂര്‍ റോഡ് കടന്നുപോകുന്നു. മെച്ചപ്പെട്ട റോഡു ഗതാഗതമാണ് പഞ്ചായത്തിലുള്ളത്. ചങ്ങനാശ്ശേരി-വാഴൂര്‍, പെരുംതുരുത്തി-മണര്‍കാട്, പെരുമ്പനച്ചി-തോട്ടയ്ക്കാട് എന്നീ റോഡുകളും പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന പാതകളാണ്. മാടപ്പള്ളി പഞ്ചായത്തില്‍ ചെറുകിട വ്യവസായങ്ങള്‍ ഏറെയുണ്ട്. ചെറുകിട വ്യവസായ രംഗത്ത് റബ്ബറധിഷ്ഠിത വ്യവസായങ്ങളാണ് കൂടുതലും. 23 ഓളം വ്യവസായ യൂണിറ്റുകള്‍ ഈ രംഗത്തുണ്ട്. ധാന്യസംസ്കരണമാണ് മറ്റൊരു പ്രധാന വ്യവസായം. 13 ധാന്യസംസ്കരണ യൂണിറ്റുകള്‍ പഞ്ചായത്തിലുണ്ട്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മ്മാണം, തടിവ്യവസായം, സോഡനിര്മ്മാണം തുടങ്ങി മറ്റ് എട്ടോളം ചെറുകിട വ്യവസായ യൂണിറ്റുകളുമുണ്ട്. തെങ്ങണയാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രം. ആതുര ശുശ്രൂഷാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യചികിത്സാകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. മാടപ്പള്ളിയിലാണ് പ്രാഥമികാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കണ്ണോട്ടയില്‍ ഒരു ആയൂര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ഹോമിയോ ആശുപത്രി ഉള്‍പ്പെടെ രണ്ട് ഹോമിയോ ആശുപത്രികളും മാടപ്പള്ളിയിലുണ്ട്. മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, മെഴ്സി ഹോസ്പിറ്റല്‍ എന്നിവ സ്വകാര്യ മേഖലയിലുള്ള ആതുരാലയങ്ങളാണ്. ഗവ.എല്‍.പി.സ്കൂള്‍ മാടപ്പള്ളി, ഗവ.എല്‍.പി.സ്കൂള്‍ കുറുമ്പനാടം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന സര്‍ക്കാര്‍വിദ്യാലയങ്ങള്‍. സ്വകാര്യമേഖലയില്‍ സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് കുതറമ്പനാടം, സെന്റ് ഷാന്താള്‍സ് സ്കൂള്‍ മാമ്മൂട്, സെന്റ് സെബാസ്റ്റ്യന്‍ യു.പി.എസ് മാമ്മൂട് തുടങ്ങി 8 വിദ്യാലയങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ 4 എല്‍.പി.സ്കൂളുകളും, 2 യു.പി.സ്കൂളുകളും ഉള്‍പ്പെടുന്നു.